Now loading...
തിരുവനന്തപുരം:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മാര്‍ച്ച് 31നകം ഒന്നര ലക്ഷം പേര്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും. ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്‌ദുറഹ്‌മാൻ ആണ് ഇക്കാര്യം അറിയിച്ചത്. സ്കോളര്‍ഷിപ്പ് ഇനത്തില്‍ 42.52 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. സ്‌കോളര്‍ഷിപ്പ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ന്യൂനപക്ഷ ഡയറക്‌ടറേറ്റില്‍ താത്കാലികമായി അധിക ജീവനക്കാരെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മുഖേന ആരംഭിച്ച ‘മാര്‍ഗദീപം’ സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷൻ തുടങ്ങിക്കഴിഞ്ഞു. 20 കോടി രൂപ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇതിനു പുറമേ 11 സ്‌കോളര്‍ഷിപ്പുകളാണ് സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി വിതരണം ചെയ്യുന്നത്. അതിനായി 22.52 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിനായി ഇന്നലെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. സി-ഡിറ്റ് ആണ് അപേക്ഷയ്ക്കുള്ള വെബ് പോര്‍ട്ടല്‍ http://margadeepam.kerala.gov.in തയ്യാറാക്കിയത്.
Now loading...