February 11, 2025
Home » ഫിക്‌സഡ് ഡെപ്പോസിറ്റില്‍ ഇനി നോമിനി നിര്‍ബന്ധം; നിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ

 

 

ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ നോമിനികളെ നിശ്ചയിക്കാത്തതുമൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ അവസാനിപ്പിക്കുന്നതിനായുള്ള നടപടികളെടുത്ത് റിസര്‍വ് ബാങ്ക്. അക്കൗണ്ട് ഉടമകള്‍ മരിക്കുമ്പോള്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക ലഭിക്കുന്നതിന് നോമിനികളെ നിശ്ചയിക്കേണ്ടത് നിര്‍ബന്ധമാണ്. നോമിനികള്‍ ഇല്ലാത്തതിനാല്‍ നിക്ഷേപിച്ച പണം ലഭിക്കുന്നതിന് കുടുംബാംഗങ്ങള്‍ വലിയ തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ഈ അവസ്ഥയിലാണ് നോമിനിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച് ബാങ്കുകള്‍ക്കും ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും റിസര്‍വ്ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം നോമിനികളെ നിര്‍ദ്ദേശിക്കാന്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവരോട് ബാങ്കുകള്‍ ആവശ്യപ്പെടണം. നിലവിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കും പുതിയതായി നിക്ഷേപം നടത്തുന്നവരും നോമിനികളെ നിര്‍ദേശിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണം.

നിലവില്‍ നിരവധി അക്കൗണ്ടുകള്‍ക്ക് നോമിനികളെ നിശ്ചയിക്കാത്തതായുണ്ട്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കളോട് നോമിനികളെ നിര്‍ദേശിക്കുന്നതിന്റെ ഗുണങ്ങള്‍ വിശദീകരിക്കണമെന്ന് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. നോമിനികള്‍ ഇല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ കണ്ടെത്തണമെന്നും ബാങ്കുകളോട് റിസര്‍വ്ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കുകളിലെ അക്കൗണ്ടുകളുടെ നോമിനികളെ ചേര്‍ക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ട് ദക്ഷ് പോര്‍ട്ടലില്‍ എല്ലാ മൂന്നുമാസം കൂടുമ്പോഴും അപ്ലോഡ് ചെയ്യുന്നതിനും റിസര്‍ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ നോമിനികളെ ചേര്‍ക്കുന്ന രീതിയില്‍ അക്കൗണ്ട് തുറക്കുന്നതിനുള്ള ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്താനും ബാങ്കുകളോട് ആവശ്യപ്പെട്ടു പുതിയ ഫോമുകളില്‍ നോമിനി ഓപ്ഷന്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *