Now loading...
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറി. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിങ് സമ്മാനിക്കുക. ഇതാദ്യമായാണ് ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിങ് ട്രോഫി മേളയിൽ നൽകുന്നത്. തിരുവനന്തപുരത്തു നിന്ന് ജാഥയായാണ് മേള നടക്കുന്ന കൊച്ചിയിലേക്ക് ട്രോഫി എത്തിക്കുക. അതേസമയം ദീപശിഖയും ഭാഗ്യചിഹ്നം തക്കുടുവുമായുള്ള ജാഥ കാസർകോട് നിന്ന് കൊച്ചിയിൽ എത്തിച്ചേരും. എറണാകുളം ജില്ലയിൽ 17 സ്റ്റേഡിയങ്ങളിലായി 24,000 ത്തോളം കായിക താരങ്ങൾ മത്സരിക്കുന്ന മേള നവംബർ നാല് മുതൽ 11 വരെയാണ് നടക്കുന്നത്. നവംബർ 4ന് വൈകുന്നേരം 5 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള വർണാഭമായ സ്പോർട്സ് ആൻഡ് കൾച്ചറൽ ഇവന്റ് ചലച്ചിത്രതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. നവംബർ 11 ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Now loading...