February 14, 2025
Home » സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുമോ? വിപണിയില്‍ ആശങ്ക Jobbery Business News

കഴിഞ്ഞ ജൂലൈയില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വ്യവസായത്തെ നല്ല രീതിയില്‍ സ്വാധീനിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍. എന്നാല്‍ വരാനിരിക്കുന്ന ബജറ്റില്‍ താരിഫ് വര്‍ധിപ്പിച്ചാല്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടായേക്കാമെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

ബജറ്റിന് മുന്നോടിയായി ലഭിക്കുന്ന സൂചനകളില്‍ സ്വര്‍ണത്തിന് താരിഫ് വര്‍ധിപ്പിച്ചേക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയത്. 2025-26 ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ ഉയര്‍ത്തരുതെന്ന് കൗണ്‍സില്‍ ഇന്ത്യയുടെ റീജിയണല്‍ സിഇഒ സച്ചിന്‍ ജെയിന്‍ അഭ്യര്‍ത്ഥിച്ചു. ”വരാനിരിക്കുന്ന ബജറ്റില്‍ ഇറക്കുമതി തീരുവയില്‍ എന്തെങ്കിലും വര്‍ധനവ് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം. കള്ളക്കടത്ത് വര്‍ധിക്കും, ആഭ്യന്തര സ്വര്‍ണവില ഉയരും. മൊത്തത്തില്‍ ഇതെല്ലാം വ്യവസായത്തെ പിന്നോട്ട് നയിക്കാം”, അദ്ദേഹം പറഞ്ഞു.

”ഈ പോസിറ്റീവ് ആക്കം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പങ്കാളികള്‍ സഹകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു സമന്വയ അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിലൂടെ, സ്വര്‍ണ വ്യവസായം തുടര്‍ന്നും അഭിവൃദ്ധി പ്രാപിക്കും. മേഖല ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനും സമൃദ്ധിക്കും ഗണ്യമായ സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കാനും കഴിയും, ”ജെയിന്‍ പ്രീ-ബജറ്റ് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

പുരോഗമനപരവും ജനസൗഹൃദപരവും വ്യവസായ-പിന്തുണയുള്ളതുമായ നയപ്രഖ്യാപനങ്ങളാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ജെയിന്‍ പറഞ്ഞു. സ്വര്‍ണ വ്യവസായം ഇന്ത്യയുടെ ജിഡിപിയിലേക്ക് 1.3 ശതമാനം സംഭാവന നല്‍കുകയും ഏകദേശം 2-3 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.

ജൂലൈയില്‍ അവതരിപ്പിച്ച 2024 ബജറ്റില്‍ സ്വര്‍ണത്തിന്റെ മൊത്തം കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. ഇത് വീണ്ടും ഉയര്‍ത്തും എന്ന സൂചനകളാണ് ലഭിക്കുന്നത്. കാരണം ധനക്കമ്മി കുറയ്ക്കാനുള്ള നടപടികളില്‍ ഇത് ഉള്‍പ്പെടും.

അനൗദ്യോഗിക ഇറക്കുമതി കുറയ്ക്കാനും ഔദ്യോഗിക ചാനലുകള്‍ സുസ്ഥിരമാക്കാനും ആഭ്യന്തരമായി സ്വര്‍ണം വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനും ഈ നീക്കം സഹായിച്ചതായി ഡബ്ല്യുജിസി അവകാശപ്പെട്ടു. സ്വര്‍ണത്തിന്മേലുള്ള നികുതി കുറച്ചത് കൂടുതല്‍ സംഘടിതവും സുതാര്യവുമായ വ്യവസായത്തിലേക്ക് നയിച്ചു, അതിന്റെ ഫലമായി ശക്തമായ സ്വര്‍ണ വിപണിക്ക് കാരണമായി. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *