ചെന്ത്രാപ്പിന്നി : കാലവർഷത്തോടനുബന്ധിച്ച് മൂന്നുദിവസം നിർത്താതെ പെയ്ത മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ പപ്പടം നഗർ, ചെന്ത്രാപ്പിന്നി മേഖലകളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇ.ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ സാന്നിധ്യത്തിൽ സന്ദർശനം നടത്തി.
ഇരുപതോളം വീടുകളാണ് വെള്ളക്കെട്ട് മൂലം ഈ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നത്. നാഷണൽ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തോടുകൾ നികത്തിയത് പെയ്ത വെള്ളത്തിന്റെ ഒഴുക്കിനെ ബാധിച്ചതു കൊണ്ടാണ് വെള്ളക്കെട്ട് രൂക്ഷമാകാനിടയായതെന്ന നാട്ടുകാരുടെ പരാതിയിൽ എൻ എച്ച് എ ഐ, റവന്യൂ ഉദ്യോഗസ്ഥർ, എടത്തിരുത്തി പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി വില്ലേജ് ഓഫീസിൽ യോഗം ചേർന്നു.
യോഗത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കാനും വെള്ളം ഒഴുകിപ്പോകാൻ സ്ഥിരം സംവിധാനം ഒരുക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇന്നു രാത്രിയോടെ തന്നെ തോടുകൾ വൃത്തിയാക്കാനും എൻ എച്ച് എ ഐ ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു, ജനപ്രതിനിധികൾ, നാട്ടുകാർ, എന്നിവർ കളക്ടറുമായി നിലവിലെ സ്ഥിതി വിവരിക്കുകയും വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ നേരിട്ട് കണ്ട് രണ്ടരമണിക്കൂറോളം കളക്ടർ പ്രദേശങ്ങളിൽ ചെലവഴിച്ചു. അസിസ്റ്റന്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡും കളക്ടർക്കൊപ്പം സ്ഥിതിഗതികൾ വിലയിരുത്തി.