ഓപ്പറേഷൻ അരണക്കിളി ; 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും പിടിച്ചെടുത്തു. New

അഴിക്കോട് : ഓപ്പറേഷൻ അരണക്കിളിയുടെ ഭാഗമായി അനധികൃത മത്സ്യബന്ധനം നടത്തിയ മൂന്ന് ഫൈബർ വള്ളങ്ങളിൽ നിന്നും 800 കിലോ കിളിമീനും 400 കിലോ അരണ മത്സ്യവും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സെന്റ് പോൾ, സാമുവൽ, യഹോവ ശാലോം എന്നീ മത്സ്യബന്ധന വള്ളങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത വള്ളങ്ങൾക്ക് 85,000 രൂപ പിഴ ഈടാക്കുകയും മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 3,43,900 രൂപ ട്രഷറിയിൽ അടപ്പിക്കുകയും ചെയ്തു.
ട്രോളിംഗ് നിരോധന കാലത്ത് നിയമവിരുദ്ധമായി കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങളും കേരള മൺസൂൺകാല മത്സ്യബന്ധന പെലാജിക്ക് പ്രൊട്ടക്ഷൻ ആക്ട് 2007 നിയമങ്ങളും ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വള്ളങ്ങളാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്ത ചില വള്ളങ്ങൾ താഴെ വലകൾ സ്ഥാപിച്ച് കടലിന്റെ അടിത്തട്ടിലെ ആവാസ വ്യവസ്ഥ തകർത്ത് കൊണ്ട് കിളിമീൻ, അരണ മീൻ ഉൾപ്പെടെയുള്ള അടിത്തട്ട് മത്സ്യങ്ങളെ പിടികൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇങ്ങനെ വലയിൽ കുരുങ്ങുന്നത് ഭൂരിഭാഗവും അടിത്തട്ടിലെ പ്രജനനത്തിന് പാകമായ മത്സ്യങ്ങളാണ്. ഈ സാഹചര്യത്തിലാണ് അഴീക്കോട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെന്റ് സംഘം വ്യാപക പരിശോധന നടത്തിയത്.
അഴിക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ സി സീമ, എ.എഫ്.ഇ.ഒ സംനഗോപൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആന്റ് വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥരായ വി.എം ഷൈബു, വി.എൻ പ്രശാന്തകുമാർ, ഇ.ആർ ഷിനിൽകുമാർ, പോലീസ് ഉദ്യേഗസ്ഥരായ ബനീഷ്, ഷിജു, അവിനാഷ്, സീ റെസ്ക്യൂ ഗാർഡ്മാരായ സുബീഷ്, സലീം, ഫസൽ, വിമ്പിൻ, പ്രമോദ്, ഡ്രൈവർ അഷറഫ് എന്നിവർ നേതൃത്വം നൽകി. ഓപ്പറേഷൻ അരണകിളിയുടെ ഭാഗമായി വരും ദിവസങ്ങളിലും കർശന നടപടികളും നിരീക്ഷണവും തുടരുമെന്ന് തൃശൂർ ജില്ല ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൽമജീദ് പോത്തന്നൂരാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *