‘കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല’: ഉണ്ണി മുകുന്ദൻ Entertainment News

മാനേജരെ മർദ്ദിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ. വർഷങ്ങളായി ഒരു സുഹൃത്തിനെപ്പോലെ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും വിപിൻകുമാർ ആരോപിക്കുന്നതു പോലെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്നെക്കുറിച്ച് അപവാദ പ്രചാരണം നടത്തിയത് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘എന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ വിപിന്റെ ഭാഗത്തു നിന്നുണ്ടായി. വർഷങ്ങളായി കൂടെ നിന്ന ഒരാൾ പെട്ടെന്ന് നമുക്കെതിരെ തിരിയുമ്പോഴുണ്ടാകുന്ന ഞെട്ടലും വിഷമവും പറഞ്ഞറിയിക്കാനാകില്ല. ‘മേപ്പടിയാൻ’ സംവിധായകനായ വിഷ്ണു മോഹൻ ഇക്കാര്യം വിപിനോട് ചോദിച്ചപ്പോൾ കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ പറയുകയുണ്ടായി. പിന്നീട് വിഷ്ണു തന്നെ വിളിച്ച് നിങ്ങൾ നേരിട്ടു കണ്ട് ഈ പ്രശ്നം പരിഹരിക്കാൻ പറഞ്ഞു. ഇത്രയും വർഷം ഒരു നല്ല സുഹൃത്തിനെപ്പോലെ കൂടെ കൂട്ടിയ ഒരാൾ എനിക്കെതിരെ എന്തിനിങ്ങനെ അപവാദം പ്രചരിപ്പിക്കുന്നു എന്ന് അറിയണമായിരുന്നു. അതിനുവേണ്ടി കൂടിയാണ് വിപിനെ നേരിട്ടു കാണാൻ കൊച്ചിയിലെ ഫ്ലാറ്റിലെത്തിയത് എന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

Also Read: ‘റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ്’ വീഡിയോ ഗാനം എത്തി

ആ സമയത്ത് ഞങ്ങളുടെ പൊതു സുഹൃത്തായ വിഷ്ണു ഉണ്ണിത്താനും അവിടെ ഉണ്ടായിരുന്നു. ബേസ്മെന്റ് പാര്‍ക്കിങ്ങിൽ വച്ചാണ് വിപിനെ കണ്ടത്. കറുത്ത കൂളിങ് ഗ്ലാസ് ധരിച്ചാണ് വിപിൻ ഇറങ്ങി വന്നത്. എന്തിനാണ് എന്നെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കുന്നതെന്ന് ചോദിച്ചു. അതിന് വ്യക്തമായ മറുപടി വിപിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ചെയ്ത തെറ്റ് കയ്യോടെ പിടിക്കപ്പെട്ട ജാള്യതയും ഭയവും വിപിനിലുണ്ടായിരുന്നു. നേരത്തെ വിഷ്ണു മോഹനോട് കുറ്റസമ്മതം നടത്തിയ വ്യക്തി എന്റെ മുന്നിൽ ഭാവമാറ്റമില്ലാതെ നിന്നെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.

കണ്ണിൽ നോക്കി സംസാരിക്കാൻ പോലും അയാൾക്കായില്ല. എന്തിനാണ് വിപിൻ ഇങ്ങനെ പെരുമാറുന്നതെന്ന് വിഷ്ണു ഉണ്ണിത്താനോട് ഞാൻ ചോദിക്കുന്നുമുണ്ട്. കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്. എന്നാൽ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന ഒരു പ്രവൃത്തി പോലും ചെയ്തിട്ടില്ല. ആളുകൾ എപ്പോഴും വന്നുകൊണ്ടിരിക്കുന്ന സിസിടിവി ക്യാമറയുള്ള ഒരു ഭാഗത്താണ് ഇതെല്ലാം നടന്നതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

The post ‘കണ്ണട ഞാൻ ഊരി മാറ്റി പൊട്ടിച്ചു എന്നത് സത്യമാണ്, ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല’: ഉണ്ണി മുകുന്ദൻ appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *