ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അഞ്ചു മലയാളികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. തൃശൂർ ചാവക്കാട് വെങ്കിടങ് സ്വദേശികളാണ് രണ്ടു പേർ. വെങ്കിടങ് കുറ്റിക്കാട്ടുചാലിൽ മുഹമ്മദ് ഹനീഫയുടെ ഭാര്യ ജസ്(29) മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലാണ് അപകടം. ഗിച്ചാക്കയിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (എട്ട്), തൃശൂർ വെങ്കിടങ്ങ് സ്വദേശി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര മാസം),തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. നകുരു പ്രവിശ്യയിൽ നിന്ന് ലൈക്കിപിയയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് സംഘം പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ഗിച്ചാക്കയിലെ 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിൽ മുപ്പതിലേറപ്പേരുണ്ടായിരുന്നു. 28 പേർ വിനോദ സഞ്ചാരികളായിരുന്നെന്നും 3 പേർ പ്രാദേശികരായിരുന്നെന്നും പൊലീസ് അറിയിച്ചു.