ക്രിപ്റ്റോകറന്‍സികള്‍; ആര്‍ബിഐക്ക് ആശങ്കയെന്ന് സഞ്ജയ് മല്‍ഹോത്ര Jobbery Business News

ക്രിപ്റ്റോകറന്‍സികള്‍ സാമ്പത്തിക സ്ഥിരതയെ തടസ്സപ്പെടുത്തുമെന്നതിനാല്‍ റിസര്‍വ് ബാങ്കിന് ആശങ്കയുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര. ക്രിപ്റ്റോ കറന്‍സിയെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ കഴിഞ്ഞ മാസത്തിലെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ക്രിപ്റ്റോയെ സംബന്ധിച്ചിടത്തോളം പുതിയ പുരോഗതിയൊന്നുമില്ല. സര്‍ക്കാരിന്റെ ഒരു കമ്മിറ്റി ഇത് നോക്കുന്നുണ്ട്. തീര്‍ച്ചയായും, നിങ്ങള്‍ക്കറിയാവുന്നതുപോലെ, ക്രിപ്റ്റോയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കാരണം അത് സാമ്പത്തിക സ്ഥിരതയെയും പണ നയത്തെയും തടസ്സപ്പെടുത്തും,’ മല്‍ഹോത്ര പറഞ്ഞു.

ബിറ്റ്‌കോയിന്‍ വ്യാപാരത്തെ ‘ഹവാല’ ബിസിനസ്സ് പോലെ തന്നെ നിയമവിരുദ്ധമായ ഒരു വ്യാപാരമായിട്ടാണ് സുപ്രീം കോടതി ബെഞ്ച് വിശേഷിപ്പിച്ചത്.

ഒരു നിയന്ത്രണവുമില്ലാത്തതിനാല്‍, ക്രിപ്റ്റോകറന്‍സി ഇന്ത്യയില്‍ ഇതുവരെ നിയമവിരുദ്ധമല്ല. 2022-ല്‍, ക്രിപ്റ്റോകറന്‍സികളില്‍ നിന്ന് ഉണ്ടാകുന്ന നേട്ടങ്ങള്‍ക്ക് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രിപ്റ്റോകറന്‍സികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഏര്‍പ്പെടുത്തി എന്നത് ക്രിപ്റ്റോകറന്‍സികളെ നിയമവിധേയമാക്കുന്നതിന് തുല്യമല്ല.

നിലവില്‍, ഇന്ത്യയില്‍ ക്രിപ്റ്റോ ആസ്തികള്‍ നിയന്ത്രണാതീതമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിന്റെ വീക്ഷണകോണില്‍ നിന്നാണ് ഇവിടെ ക്രിപ്റ്റോകറന്‍സികള്‍ നിയന്ത്രിക്കപ്പെടുന്നത്. കൂടാതെ, അത്തരം വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ വ്യാപാരം ചെയ്യുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിന് ആദായനികുതിയും ടിഡിഎസും ഈടാക്കുന്നു. കൂടാതെ, ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളില്‍ ജിഎസ്ടിയും ചുമത്തുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *