ഖലീജ ചിത്രത്തിന്റെ റീ റിലീസ്: തിയേറ്ററിനുള്ളിൽ ജീവനുള്ള പാമ്പുമായി വന്ന് മഹേഷ് ബാബു ആരാധകൻ Entertainment News

വീണ്ടും തെലുങ്ക് സിനിമാ ലോകത്ത് വാർത്തകൾ സൃഷ്ടിക്കുകയാണ് മഹേഷ് ബാബു നായകനായ ഖലീജ എന്ന ചിത്രത്തിന്റെ റീ റിലീസ്. 15 വർഷങ്ങൾക്ക് മുമ്പ്‍ ഇറങ്ങി പരാജയം നേരിട്ട ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. എന്നാൽ ഇതിനിടെ റീ റിലീസിങ് കേന്ദ്രങ്ങളിൽ ആരാധകരുടെ അതിരുകടന്ന പ്രവൃത്തികൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. മഹേഷ് ബാബുവിന്റെ ആരാധകനായിട്ടുള്ള ഒരു ചെറുപ്പക്കാരൻ കയ്യിൽ ജീവനുള്ള പാമ്പുമായാണ് തിയേറ്ററിലെത്തിയത്. വിജയവാഡയിലെ ഒരു തിയേറ്ററിലാണ് സംഭവം ഉണ്ടായത്.

ഖലീജ എന്ന ചിത്രത്തിലെ ഒരു രം​ഗത്തിൽ നായകനായ മഹേഷ് ബാബു മരുഭൂമിയിലൂടെ കയ്യിൽ പാമ്പിനെപ്പിടിച്ച് നടക്കുന്ന ഒരു രം​ഗമുണ്ട്. ഈ രം​ഗം അനുകരിക്കുകയായിരുന്നു യുവാവെന്നാണ് വിലയിരുത്തപ്പെടുന്നത്. റബ്ബർ പാമ്പാണെന്നാണ് ആളുകൾ ആദ്യം കരുതിയത്. എന്നാൽ മഹേഷ് ബാബുവിന്റെ നേരത്തേ പറഞ്ഞ രം​ഗം വന്നപ്പോൾ ഇയാൾ സ്ക്രീനിന് മുന്നിലൂടെ നടക്കുകയും ഈ സമയത്ത് പാമ്പ് അനങ്ങുകയും ചെയ്തു. ഇതോടെ ആളുകൾ ഭയക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞദിവസമാണ് ഖലീജ റീ റിലീസ് ചെയ്തത്. എന്നാൽ ഈ പ്രിന്റിൽ സിനിമയിലെ പല ഭാ​ഗങ്ങളും സംഭാഷണങ്ങളുമില്ലെന്ന് പരാതി ഉയർന്നിരുന്നു.

Also Read: ‘കാലത്തിന് മുമ്പേ പിറന്ന ചിത്രങ്ങളായിരുന്നു സീസണും ദേശാടനക്കിളി കരയാറില്ല എന്ന സിനിമയുമെല്ലാം’; മോഹന്‍ലാല്‍

ചിത്രം പ്രദർശിപ്പിച്ച ഒരു തിയേറ്ററിൽ ആളുകൾ ബഹളം വെയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ സിനിമാ നിര്‍മ്മാതാക്കള്‍ അയച്ച ഉള്ളടക്കം മാത്രമാണ് തങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് തിയേറ്ററുടമകള്‍ വ്യക്തമാക്കി. ചിത്രത്തിൽ യാതൊരുവിധ എഡിറ്റിങ്ങും നടത്തിയിട്ടില്ലെന്ന് നിർമാതാക്കളും അറിയിച്ചു. അനുഷ്‌ക ഷെട്ടി, പ്രകാശ് രാജ്, റാവു രമേശ്, ഷാഫി, സുനില്‍, അലി, സുബ്ബരാജു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം 2010ല്‍ ആയിരുന്നു ആദ്യം തിയേറ്ററുകളില്‍ എത്തിയത്. അന്ന് നല്ല പ്രതികരണങ്ങള്‍ ലഭിച്ചില്ലെങ്കിലും സിനിമ പിന്നീട് ഏറെ ചർച്ചയായി. മലയാളത്തിൽ ഭദ്ര എന്ന പേരിൽ മൊഴിമാറ്റി ചിത്രം പ്രദർശനത്തിനെത്തിയിരുന്നു.

The post ഖലീജ ചിത്രത്തിന്റെ റീ റിലീസ്: തിയേറ്ററിനുള്ളിൽ ജീവനുള്ള പാമ്പുമായി വന്ന് മഹേഷ് ബാബു ആരാധകൻ appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *