ചിറക്കൽ : കമാൻഡ് മുഖത്തെ താൽക്കാലിക ബണ്ട് തകർന്നു. പുഴ കവിഞ്ഞ് വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നതിനാൽ 4 പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭിഷ ണിയിലായി. ചേർപ്പ്, ചാഴൂർ , പാറളം, അരിമ്പൂർ പഞ്ചായത്തുകളാണ് വെള്ളക്കെട്ട് ഭിഷണി നേരിടുന്നത്. കഴിഞ്ഞ വർഷം
രണ്ടായിരത്തോളം വീടുകളിലും കൃഷിസ്ഥലത്തും വെള്ളക്കെട്ട് സൃഷ്ടിച്ച അതേ സാഹചര്യമാണ് നിലവിൽ. കരുവന്നൂർ പുഴയിലെ വെള്ളം നിയന്ത്രിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ പത്ത് ലക്ഷം രൂപ ചെലവാക്കി കമാൻഡ് മുഖത്ത് പണിത താൽക്കാലിക തടയണയാണ് തകർന്നത്. ഈ ബണ്ട് നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയർന്നിരുന്നു .കഴിഞ്ഞ വർഷം കമാൻഡ് മുഖം തകർന്നതിനെ തുടർന്ന്
പുഴയിൽ നിന്നും വൻതോതിൽ വെള്ളം ഒഴുകി 4 പഞ്ചായത്തുകളിലായി രണ്ടായിരത്തോളം വീടുകളിൽ വെള്ളം കയറിയിരുന്നു. വൻതോതിൽ കൃഷിനാശവും രണ്ടായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ട സാഹചര്യവും ഉണ്ടായിരുന്നു.
തദ്ദേശ സ്ഥാപനങ്ങൾ നൽകിയ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് തടയണ നിർമിച്ചത്. തടയണയുടെ പണി കഴിയും മുമ്പേ
കനാലിൽ നിന്നും പുഴയിലേക്ക് വെള്ളം തിരിച്ചൊഴുകിയതിനാൽ തടയണ കൊണ്ട് ഗുണം ഉണ്ടായില്ല.എങ്കിലും മഴ ശക്തി പ്രാപിച്ച് പുഴയിൽ നിന്നും വെള്ളം കവിഞ്ഞൊഴുകിയുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായി.ഫലത്തിൽ അശാസ്ത്രീയമായ പണികൾ മൂലം പത്ത് ലക്ഷം രൂപ പാഴാവുകയാണുണ്ടായതെന്ന് നാട്ടുകാർ ആരോപിച്ചു
The post ചാഴൂർ കമാൻഡ് മുഖത്തെ ബണ്ട് തകർന്നു; 4 പഞ്ചായത്തുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. appeared first on News One Thrissur.