Now loading...
വിരൽതുമ്പിലെത്തുന്ന ഫാഷൻ ട്രെൻഡുകളുമായി കളംവാഴുന്ന യൂത്ത്. അണിയുന്നതെന്തിനും ക്വാളിറ്റി വേണം എന്നാൽ വിലയിൽ മിനിമലിസം മസ്റ്റ്. ആ വിപണിയിലേക്ക് ഒരു പരസ്യം പോലുമില്ലാതെ, കാടടച്ചുള്ള ക്ലീഷേ മാർക്കറ്റിംഗ് തന്ത്രങ്ങൾ പ്രത്യക്ഷത്തിലില്ലാതെ ഒരു ഫാഷൻ ബ്രാൻഡ് എത്തുന്നു. യുവാക്കൾക്ക് രണ്ട് പീറ്റ്‌സ വാങ്ങുന്ന കാശിന് ട്രെൻഡി വസ്ത്രങ്ങൾ ലഭിച്ചതോടെ വരുമാനം സാമ്പത്തികവർഷത്തിൽ ഒരു ബില്യൺ ഡോളറിലധികം. ഈ വിജയഗാഥ ടാറ്റയുടേതാണ്. ഫാഷന് ക്ലാസുകളില്ലെന്ന് തെളിയിച്ച രത്തൻടാറ്റയുടെ സ്വപ്‌നപദ്ധതിയായ സുഡിയോയുടേത്.
ടാറ്റ ഗ്രൂപ്പിന്റെ ട്രെൻഡ് ലിമിറ്റഡിന് കീഴിലുള്ള ബ്രാൻഡാണ് സുഡിയോ. 1998 മുതൽ ഫാഷൻ രംഗത്ത് നിറസാന്നിദ്ധ്യമായ ടാറ്റയുടെ തന്നെ വെസ്റ്റ്‌സൈഡ് സ്റ്റോറുകൾ നിലനിൽക്കേയാണ് സുഡിയോയുമായി പുത്തൻ വിപ്ലവത്തിന് ട്രെന്റ് എത്തുന്നത്. ശരാശരി വില 1,500 രൂപയുള്ള വെസ്റ്റ്സൈഡ് സ്റ്റോറുകൾക്ക് വൻ നഗരങ്ങളിൽ വസ്ത്രങ്ങൾക്ക് നല്ല ഡിമാൻഡായിരുന്നുവെങ്കിലും സാധാരണക്കാരുടെ കണ്ണിൽ വെസ്റ്റ്‌സൈഡ് എക്‌സ്‌പെൻസീവ് തന്നെയായിരുന്നു. പർച്ചേസിംഗിൽ വിലക്കുറവ് മുഖ്യഘടകമാണെന്ന തിരിച്ചറിവിൽ അങ്ങനെ 2016 ൽ ബംഗളൂരു നഗരത്തിൽ ആദ്യ സ്റ്റുഡിയോ സ്‌റ്റോർ ആരംഭിച്ചു.
കുറഞ്ഞ വിലയ്ക്ക്, ഏറെ ഫാഷനബിൾ ആയ, കിടിലൻ വസ്ത്രങ്ങൾ വിൽക്കുക എന്നതായിരുന്നു സുഡിയോയുടെ ലക്ഷ്യം. ടിയർ 3, ടിയർ 4 നഗരങ്ങളിലായിരുന്നു സുഡിയോയുടെ ഫോക്കസ്. വില ആയിരത്തിൽ താഴെ മാത്രം. കൃത്യമായി പറഞ്ഞാൽ ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, സുഡിയോയുടെ 85% ഇനങ്ങളുടെയും വില 1000 രൂപയിൽ താഴെയാണ്. കൂടാതെ ഏറ്റവും കൂടുതൽ ആളുകളേ# തേടിയെത്തുന്ന വസ്ത്രങ്ങളും 300-500 രൂപ ശ്രേണിയിലാണുള്ളത്. ഇത് സ്ട്രീറ്റ് ഷോപ്പിംഗ് ചെയ്യുന്നവരെ പോലും സുഡിയോയുടെ സ്‌റ്റോറുകളിലേക്ക് അടുപ്പിച്ചു. ഫാഷൻ സങ്കൽപ്പങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തത് കൊണ്ടാവണം,വിപണിയുടെ പൾസറിഞ്ഞ ടാറ്റയുടെ തന്ത്രം വിജയിച്ചു. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ലേബലുകളില്ലാതെ ഫാഷനെ പ്രേമിക്കുന്നവർ സുഡിയോയിലേക്കാഴുകി. യുവതീ യുവാക്കളും കോളേജ് വിദ്യാർത്ഥികളും സുഡിയോയെ തങ്ങളുടെ ഫേവറീറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി.
ആദ്യത്തെ രണ്ടുവർഷം സുഡിയോയുടെ വളർച്ച പതുക്കെയായിരുന്നു. ഏഴ് സ്റ്റോറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ മൗത്ത് പബ്ലിസിറ്റിയിലൂടെ വമ്പൻ കുതിച്ചുചാട്ടമായിരുന്നു വളർച്ചയിലുണ്ടായത്. .കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 119 സ്റ്റോറുകൾ തുറന്നു. 20 വർഷം കൊണ്ടാണ് വെസ്റ്റസൈഡ് 100 സ്റ്റോറുകൾ തുറന്നതെന്നോർക്കണം. ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 800 ലേറെ സ്‌റ്റോറുകൾ സുഡിയോയ്ക്കുണ്ട്. 2026, 2027 സാമ്പത്തിക വർഷങ്ങളിൽ 175 – 200 സ്റ്റോറുകൾ അധികമായി കൊണ്ടുവരാനും ട്രെന്റ് പദ്ധതിയിടുന്നുണ്ട്. ട്രെൻഡിന്റെ വാർഷിക കണക്കുകൾ പ്രകാരം ഒരു മിനുട്ടിൽ മാത്രം 90 ഷർട്ടുകൾ, 20 ഡെനിംസ്, 19 സ്‌പ്രേകൾ, 17 ലിപ്സ്റ്റിക്കുകൾ എന്നിവയാണ് വിറ്റുപോകുന്നത്.
സുഡിയോ അടുത്ത എച്ച് & എം അല്ലെങ്കിൽ സാറ ആകാൻ ശ്രമിക്കുന്നില്ല. അതിന്റെ ആവശ്യമില്ല. ഇന്ത്യൻ ജനതയുടെ ഏത് ആവശ്യങ്ങളിൽ, എങ്ങനെ ഇടപെട്ടാലാണ് വിജയം കൊയ്യാനാകുക എന്ന് രത്തൻ ടാറ്റയ്ക്ക് നന്നായി അറിയാമായിരുന്നു. ഉപഭോക്താക്കളുടെ പൾസ് മനസ്സിലാക്കുന്നതിലൂടെയും വമ്പൻ പരസ്യങ്ങളില്ലാതെ മികച്ച ഫാഷൻ അനുഭവം നൽകുന്നതിലൂടെയും, ഇന്ത്യൻ റീട്ടെയിലിൽ അപൂർവമായ ഒരു സ്ഥാനം സുഡിയോ സ്വന്തമാക്കിയിട്ടുണ്ട്. കൊട്ടിഘോഷങ്ങളില്ലാതെ, വേഗത്തിൽ വളരുന്ന ഒരു ബ്രാൻഡ്. നിശബ്ദതയ്ക്ക് എത്രത്തോളം ഉയരാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണം.വൻ നഗരങ്ങളിൽ നിന്ന് ചെറു നഗരങ്ങളിലേക്ക് ഫാഷൻ വിപ്ലവവുമായി മുന്നേറുകയാണ് രത്തൻ ടാറ്റയുടെ സ്വപ്നത്തെ അനശ്വരമാക്കി സുഡിയോ എന്ന ജനപ്രിയ ബ്രാൻഡ്.
Now loading...