തൃപ്രയാർ : കാലാവർഷ കെടുതിയിൽ നാട്ടിക ഗ്രാമ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ പെരുകുമ്പോൾ സിപിഎം നാട്ടിക ഗ്രാമ പഞ്ചായത്ത് ഭരണസമിതി നോക്കുക്കുത്തിയായി നിൽക്കുകയാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ പറഞ്ഞു, റോഡിലെ കുണ്ടും കുഴിയിലും വീണും തൃപ്രയാർ സെന്ററിലെ ബസ് സ്റ്റോപ്പിൽ രൂപപ്പെട്ടിട്ടുള്ള ഗർത്തത്തിൽ വീണും ഒട്ടേറെ ആളുകളാണ് അപകടത്തിൽ പെടുന്നത്.
തൃപ്രയാറിലെ പ്രധാന ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നിടത്ത് നിന്നും കുണ്ടും കുഴിയും കാരണം യാത്രക്കാർക്ക് ബസ്സിൽ കയറാനോ ബസ്സിൽ നിന്നും ഇറങ്ങാനോ പറ്റാത്ത നിലയിലാണ് ഇപ്പോഴത്തെ അവസ്ഥ,അപകടത്തിൽപ്പെട്ട പലരും വിദഗ്ദ്ധ ചികിത്സ നേടേണ്ട നിലയിലും എത്തിയിരിക്കുന്നു. അപകടങ്ങളിൽ ഒരു കരുണയും നാട്ടിക പഞ്ചായത്തിന് തോന്നുന്നില്ല ,അപകടം കണ്ടു സിപിഎം നാട്ടിക പഞ്ചായത്ത് ഭരണസമിതി ഉല്ലസിക്കുകയാണെന്നും ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ കൂട്ടിച്ചേർത്തു .
തകർന്നു കുണ്ടും കുഴിയുമായി യാത്രക്കാർക്ക് അപകടം നിത്യ സംഭവമായ തൃപ്രയാർ സെന്ററിലെ ബസ് സ്റ്റോപ്പിന് മുൻപിൽ ഉള്ള കുഴിയിൽ വാഴ നട്ടു കൊണ്ട് കോൺഗ്രസ് നാട്ടിക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൽ, കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി .എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സി .ജി അജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി .
മഹിളാ കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് പി വിന, എ.എൻ സിദ്ധപ്രസാദ്, ബിന്ദു പ്രദീപ് ,ദളിത് കോൺഗ്രസ് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് കെ.വി സുകുമാരൻ, മത്സ്യ തൊഴിലാളി കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സി ജയപാലൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി രഹന ബിനീഷ് ,മധു അന്തിക്കാട്ട് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റാനീഷ് കെ രാമൻ, എ.കെ വാസൻ, മുഹമ്മദാലി കണിയാർക്കോട്, എം.പി വൈഭവ്, ശ്രീധർശ് വടക്കൂട്ട് ,ജയരാജൻ എം.വി, അമൽ നാട്ടിക ,സ്കന്ദരാജ് നാട്ടിക എന്നിവർ സമരത്തിന് നേതൃത്വം നൽകി.