തൃപ്രയാർ : ഓൺലൈൻ ഗെയിം സ്‌ഥാപനത്തിന്റെ മറവിൽ വിദ്യാർഥികൾക്ക് കഞ്ചാവ് വിറ്റ 2 യുവാക്കളെ എക്സൈസ് സംഘം പിടികൂടി. നാട്ടികയിലെ സ്വകാര്യ കോളജിന് സമീപത്ത് പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നാണ് വലപ്പാട് നാഗയക്ഷിക്കാവിന് സമീപം നീർചാലിൽ വിശാഖ് (23), നാട്ടിക തട്ടാരപുരയ്ക്കൽ പ്രത്യുഷ് (31) എന്നിവരെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജി.സുനിൽകുമാർ അറസ്‌റ്റ് ചെയ്തത്. യുവാക്കളിൽ നിന്ന് 20 ഗ്രാം കഞ്ചാവ് പിടികൂടി.
കോളജിലെത്തുന്ന യുവാക്കൾക്ക് ചെറിയ പൊതികളിലാക്കി കഞ്ചാവും നിരോധിത പുകയില മിശ്രിതവും വിൽക്കുക യാണ് ഇവരുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികൾക്കെതിരെ കേസെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ദക്ഷിണാമൂർത്തി, കെ.ആർ.ഹരിദാസ്, പ്രിവന്റീവ് ഓഫിസർ ഉണ്ണികൃഷ്ണൻ, സിവിൽ ഓഫിസർമാരായ ഷാജു, എം.ജി.കെ.രഞ്ജി ത്ത്, എസ്.എസ്.അഭിജിത്ത് എന്നിവരുണ്ടായിരുന്നു.