ഇരിങ്ങാലക്കുട: പടിയൂർ പഞ്ചായത്ത് ഓഫിസിന് സമീപത്തെ വീട്ടിൽ അമ്മയെയും മകളെയും ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കാറളം വെള്ളാനി കൈതവളപ്പിൽ വീട്ടിൽ ചോറ്റാനിക്കര സ്വദേശി പ്രേംകുമാറിന്റെ ഭാര്യ മണി (74), മകൾ രേഖ (43) എന്നിവരാണ് മരിച്ചത്.
മണിയുടെ മൂത്ത മകളും ഇരിങ്ങാലക്കുട ബോയ്സ് സ്കൂളിലെ ജീവനക്കാരിയുമായ സിന്ധുവിന് രണ്ട് ദിവസമായി അമ്മയെ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. സ്കൂളിൽനിന്ന് ഉച്ചക്ക് രണ്ടോടെ മടങ്ങിയ സിന്ധു പടിയൂരിലെ വീട്ടിലെത്തി പിറകിലെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. കിടപ്പുമുറിക്കും അടുക്കളക്കും ഇടയിലുള്ള ഭാഗത്താണ് ഇരുവരും മരിച്ചുകിടന്നിരുന്നത്. ശരീരങ്ങൾ അഴുകിയ നിലയിലാണ്. വീട്ടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിലായിരുന്നു.
അഞ്ചു മാസമായി മണിയും മകളും ഇവിടെ വാടകക്ക് താമസിച്ചുവരുകയാണ്. രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇവിടെയുണ്ടായിരുന്നു. ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇയാൾക്കെതിരെ ഇരിങ്ങാലക്കുട വനിത സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സിന്ധു പറഞ്ഞു.
കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. മണിക്ക് സ്മിത എന്ന ഒരു മകൾ കൂടിയുണ്ട്. സംഭവത്തിനു ശേഷം കാണാതായ രേഖയുടെ നിലവിലെ ഭർത്താവ് കോട്ടയം കുറിച്ചി സ്വദേശി പ്രേംകുമാറിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ 2019 ൽ ആദ്യ ഭാര്യ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ ( ഉദയം പേരൂർ വിദ്യ കൊല ക്കേസ് ) പ്രതിയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ
ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978
എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
The post പടിയൂരിൽ അമ്മയും മകളും വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം: കൊലപാതകമെന്ന് സംശയം, യുവതിയുടെ ഭർത്താവിനായി പോലീസ് അന്വേഷണം appeared first on News One Thrissur.