പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.

കാട്ടൂർ : പടിയൂരിൽ അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കാറളം വെള്ളാനി സ്വദേശികളായ മണി(74) മകൾ രേഖ(40) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച്ചയാണ് പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം പുറത്തേക്ക് വന്നു തുടങ്ങിയത്. ഇതോടെ അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിച്ചു. ഇവർ വന്ന് വീടിൻ്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിൽ ആയിരുന്നു.
മണിയുടെ മകൾ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.എന്നാൽ ഇയാളെ ഇപ്പോൾ ബന്ധപ്പെടാൻ സാധിക്കുന്നില്ല. ദിവസങ്ങൾക്ക് മുൻപ് പ്രേംകുമാറിനെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി സഹോദരി പറയുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകം ആണെന്നുള്ള സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
കാട്ടൂർ ഇൻസ്പെക്ടർ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. രേഖയുടെ ഭർത്താവ് പ്രേംകുമാറിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് പ്രേംകുമാർ കൊലപാതകം നടത്തി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴുത്ത് ഞെരിച്ചോ ശ്വാസം മുട്ടിച്ചോ കൊന്നതാകാം എന്നാണ് കരുതുന്നത്. 2019ൽ ഉദയംപേരൂരിൽ ആദ്യ ഭാര്യയെ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേംകുമാർ.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്..
ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ – 9497947203
ഡിവൈഎസ്പി ഇരിങ്ങാലക്കുട – 94979 90088
ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978

Leave a Reply

Your email address will not be published. Required fields are marked *