ഇരിങ്ങാലക്കുട : എടതിരിഞ്ഞി കനാലിൽ കോതറ പാലത്തിൽ നിന്നും വീണ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന കോതറ പാലത്തിൽ നിന്നും മൂന്ന് കിലോമീറ്ററോളം അകലെ പെരിഞ്ഞനം പൊൻമാനിക്കുടം ഭാഗത്ത് കനോലി കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തോട്ടുങ്ങൽ ക്ഷേത്രത്തിനു സമീപം കനാലിൽ തടഞ്ഞു നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ തെരച്ചിൽ നടത്തിയിരുന്ന ഫയർ ഫോഴ്സിൻ്റെ സ്കൂബ ടീമാണ് അല്പം മുമ്പ് മൃതദേഹം കണ്ടെത്തിയത്.
ബന്ധുക്കളും നാട്ടുകാരും പോലീസും മറ്റ് സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയിരുന്ന ടീമംഗങ്ങളും മൃതദേഹം കണ്ടു എന്നു പറഞ്ഞ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.
കയ്പമംഗലം ചളിങ്ങാട് സ്വദേശി തോട്ടുപറമ്പത്ത് ഷാനവാസിനെ (23) ആണ് ബുധനാഴ്ച്ച വൈകീട്ട് നാലരയോടെ കാണാതായത്.