ചെന്ത്രാപ്പിന്നി : സൈക്കിളിൽ ഓഫീസിലേക്ക് യാത്ര ചെയ്ത് പരിസ്ഥിതി ദിനാഘോഷം വേറിട്ടതാക്കി എടത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും. ഒരു വലിയ ഇടവേളയ്ക്ക് ശേഷം സൈക്കിളിൽ യാത്ര ചെയ്തതിന്റെ ചെറിയ പ്രയാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ സന്തോഷവും അതിലേറെ ആവേശവും ഉൾക്കൊണ്ടാണ് ഓഫീസ് വരെ സൈക്കിളിൽ യാത്ര ചെയ്തതെന്ന് എടത്തുരുത്തി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ വി സനീഷ് പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് ക്ലർക്ക്മാരായ സജീഷ്, രാഹുൽ, സീനിയർ ക്ലർക്ക് വിദ്യ, ഹെൽത്ത് ഇൻസ്പെക്ടർ ദേവു, ടെക്നിക്കൽ അസിസ്റ്റന്റ് അജ്മൽ എന്നിവരും സൈക്കിൾ യാത്രയ്ക്കായി ഒപ്പം കൂടിയപ്പോൾ ആവേശം ഇരട്ടിയായി.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കിയ ഗ്രീൻ കേരള റൈഡിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളുന്നതിന്റെ അളവ് കുറയ്ക്കുന്നതിനായി പരിസ്ഥിതി ദിനത്തിൽ പൊതുഗതാഗത സംവിധാനത്തെ പരമാവധി ആശ്രയിക്കുക എന്ന നിർദ്ദേശമുണ്ടായിരുന്നു. മറ്റു പൊതുഗതാഗത മാർഗങ്ങളെ ആശ്രയിക്കാതെ സ്വന്തം സൈക്കിളിൽ യാത്ര ചെയ്യാൻ സെക്രട്ടറിയും കൂട്ടരും തീരുമാനമെടുത്തത് അങ്ങനെയാണ്.