പുതുക്കാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിൻ്റെ ടാങ്കിൽ വെച്ചിരുന്ന നോസിൽ തലയിൽ വന്നടിച്ച് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ചെങ്ങാലൂർ സ്വദേശി 75 വയസുള്ള ദേവസിക്കാണ് പരിക്കേറ്റത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ദേവസി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച രാവിലെ പുതുക്കാട് പുളിക്കൻ ഫ്യൂവലിലാണ് സംഭവം.കാറിൽ പെട്രോൾ നിറക്കുന്നതിനിടെ ദേവസി കാർ ഡ്രൈവറിൽ നിന്ന് പണം വാങ്ങുകയായിരുന്നു. ഈ സമയത്ത് ടാങ്കിൽ ഘടിപ്പിച്ചിരുന്ന നോസിൽ എടുത്തിരുന്നില്ല. ഇത് ശ്രദ്ധിക്കാതെ ഡ്രൈവർ കാർ മുന്നോട്ട് എടുക്കുകയായിരുന്നു.
കാർ പോകുന്നത് കണ്ട് നോസിൽ എടുക്കാൻ ഓടിവന്ന ദേവസി പൈപ്പിൽ കുടുങ്ങുകയും കാറിൽ നിന്ന് വിട്ടുപോയ നോസിൽ ദേവസിയുടെ തലയിൽ വന്നടിക്കുകയുമായിരുന്നു. തലയിടിച്ച് നിലത്ത് വീണ ഇയാളെ പമ്പിലെ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായി പറയുന്നത്.