ഇരിഞ്ഞാലക്കുട : പടിയൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഒളിവിൽ പോയ പ്രേംകുമാറിന്റെ മൃതദേഹം കേദാർനാഥിൽത്തന്നെ സംസ്‌കരിച്ചേക്കും. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
വെള്ളിയാഴ്‌ച ഉച്ചതിരിഞ്ഞാണ് അന്വേഷണസംഘം കേദാർനാഥിൽ എത്തി, മരിച്ചത് പ്രേംകുമാർ തന്നെയെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ.
ഉത്തരാഖണ്ഡിലെ കേദാർനാഥിൽ വിശ്രമകേന്ദ്രത്തിൽ മരിച്ചനിലയിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാർ പ്രേംകുമാറിന്റെ കൈയിലുണ്ടായിരുന്ന പഴ്‌സിലെ കുറിപ്പിൽനിന്ന് ലഭിച്ച ഫോൺ നമ്പറിൽ വിളിച്ചാണ് ബന്ധുക്കളെ വിവരമറിയിച്ചത്.