പ്ലസ് വൺ മൂന്നാം അലോട്മെന്റ് റിസൾട്ട് വന്നു: പ്രവേശനം നാളെ രാവിലെ 10മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ‌വൺ പ്രവേശനത്തിനുള്ള മുഖ്യഘട്ടത്തിലെ മൂന്നാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി റിസൾട്ട്‌ പരിശോധിക്കാം. മെറിറ്റ് ക്വാട്ട, മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം എന്നിവയുടെ മൂന്നാമത്തെ അലോട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റുമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. അലോട്മെന്റ് ലഭിച്ചവർ 16,17 തീയതികളിൽ അതാത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം. നാളെ രാവിലെ 10മുതൽ പ്രവേശനം 17 ന് വൈകിട്ട് 5വരെ നീണ്ടുനിൽക്കും.

ആദ്യ രണ്ട് അലോട്മെന്റിനു ശേഷം ഒഴിഞ്ഞു കിടക്കുന്ന 93,000ൽ പരം സീറ്റുകളിലേക്കാണ് മൂന്നാം അലോട്മെന്റ്. ആവശ്യത്തിന് അപേക്ഷകർ ഇല്ലാത്തതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന വിവിധ സംവരണ സീറ്റുകൾ അടക്കം ജനറൽ വിഭാഗത്തിലേക്കു മാറ്റിയാണ് അലോട്മെന്റ് നൽകുക. പട്ടിക വിഭാഗങ്ങൾക്കുള്ള സീറ്റുകളും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിനുമുള്ള സീറ്റുകളുമാണ് കൂടുതലായും അപേക്ഷകരില്ലാതെ ഒഴിഞ്ഞു കിടക്കുന്നത്. നാളത്തെ അലോട്മെന്റിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലെ പ്രവേശനത്തിന് പിന്നീട് സപ്ലിമെന്ററി അലോട്മെന്റ് ഉണ്ടാകും.

മൂന്നാം അലോട്മെന്റിനു ശേഷം എല്ലാവരും സ്‌ഥിര പ്രവേശനമാണ് നേടേണ്ടത്. പ്രവേശനം നേടാത്തവർ ഏകജാലക പ്രവേശന നടപടികളിൽ നിന്നു പുറത്താകും. എന്നാൽ ഇവർക്ക് പിന്നീട്  എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി ക്വോട്ടസീറ്റുകളിലും അൺ എയ്‌ഡഡ് സ്കൂളുകളിലും പ്രവേശനം നേടാൻ കഴിയും. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് നടപടികൾ പൂർത്തിയാക്കി 18ന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *