Now loading...
ചുരുങ്ങിയ കാലം കൊണ്ട് മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച അതുല്യ കലാകാരനായ പി പത്മരാജന്റെ 80-ാം ജന്മവാർഷികമാണ് ഇന്ന്. 1945 മെയ് 23ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കല്‍ വീട്ടില്‍ ആയിരുന്നു പത്മരാജന്റെ ജനനം. മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം എം ജി കോളേജിലും യൂണിവേഴ്‍സിറ്റി കോളേജിലുമായിട്ടായിരുന്നു പഠനം. കുട്ടിക്കാലത്ത് തന്നെ പത്മരാജന് വായനയോടുള്ള കമ്പം ഉണ്ടായിരുന്നു.
വിട പറഞ്ഞ ശേഷവും പത്മരാജനോളം ഇത്രയധികം ആഘോഷിക്കപ്പെട്ട മറ്റൊരു സംവിധായകനും തിരക്കഥാകൃത്തും മലയാളത്തിൽ വേറെയുണ്ടോ എന്ന് സംശയമാണ്. കാലത്തിനു മുന്‍പേ സഞ്ചരിച്ചവയായിരുന്നു പത്മരാജൻ ചിത്രങ്ങളിലധികവും. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ സിനിമകളിലധികവും ഇന്ന് ആഘോഷിക്കപ്പെടുന്നത്.
Also Read: കിങ്‌ഡത്തിലെ പുതിയ ഗാനത്തിന്റെ തമിഴ് പതിപ്പ് റിലീസ് ചെയ്തു
ആനുകാലികങ്ങളിലെ കഥകളിലൂടെയാണ് പി പത്മരാജന്‍ എന്ന പേര് മലയാളി ആദ്യം ശ്രദ്ധിക്കുന്നത്. നക്ഷത്രങ്ങളേ കാവൽ എന്ന നോവലിന് 1972 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുന്നതോടെ അദ്ദേഹം പ്രശസ്തിയുടെ പടവുകൾ കയറിത്തുടങ്ങി. 16 വർഷം മാത്രം നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം മലയാളികൾക്കും സിനിമാ ലോകത്തിനും സമ്മാനിച്ചത് പകരം വെയ്ക്കാനില്ലാത്ത സൃഷ്ടികളായിരുന്നു.
കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ, അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ, നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, മൂന്നാം പക്കം, ഇന്നലെ, ദേശാടനക്കിളികള്‍ കരയാറില്ല, ഞാൻ ഗന്ധർവൻ അങ്ങനെ പോകുന്നു ആ സിനിമകൾ. ഓർത്തിരിക്കാനാകുന്ന വൈവിധ്യമാർന്ന ഒട്ടേറെ സിനിമകൾ സമ്മാനിച്ചായിരുന്നു 46-ാം വയസിലെ അദ്ദേഹത്തിന്റെ മടക്കം. സംവിധായകനായി വെറും പന്ത്രണ്ട് വര്‍ഷങ്ങള്‍ മാത്രമേ പി പത്മരാജന് പ്രവര്‍ത്തിക്കാനായുള്ളൂ. പക്ഷേ ഈ പന്ത്രണ്ടു വര്‍ഷത്തിനിടെ മലയാളി സിനിമാപ്രേമിക്ക് എക്കാലവും ഓര്‍ത്തിരിക്കാനാവുന്ന വൈവിധ്യമാര്‍ന്ന സിനിമകള്‍ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം.
The post മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച മലയാളികളുടെ സ്വന്തം പപ്പേട്ടന് ഇന്ന് 80-ാം പിറന്നാൾ appeared first on Express Kerala.
Now loading...