സൂപ്പര്‍ ബമ്പര്‍ ! കേന്ദ്രസർക്കാരിന് റെക്കോർഡ് വമ്പൻ ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് Jobbery Business News

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാറിന് റിസര്‍വ് ബാങ്ക് 2.69 ലക്ഷം കോടി രൂപ കൈമാറും. ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 2023-24ല്‍ കൈമാറിയ 2.10 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാകും. ഇതിനേക്കാള്‍ 27.37% അധിക തുകയാണ് ഇക്കുറി നല്‍കുന്നത്. 

റിസര്‍വ് ബാങ്കില്‍ നിന്ന് കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 2.56 ലക്ഷം കോടി രൂപയേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ പ്രഖ്യാപിച്ച ലാഭവിഹിതമെന്ന പ്രത്യേകതയുമുണ്ട്. ചെലവുകള്‍ കഴിച്ചുള്ള വരുമാനത്തിലെ മിച്ചമാണ് റിസര്‍വ് ബാങ്ക് പൂര്‍ണമായും ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിന് കൈമാറുന്നത്.

വിവിധ ഇനങ്ങളിലെ നിക്ഷേപം, ഡോളര്‍ ഉള്‍പ്പെടെ കരുതല്‍ ശേഖരത്തിലുള്ള വിദേശ കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനം, കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നതിലൂടെ ലഭിക്കുന്ന ഫീസ് എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഈ വര്‍ഷം സര്‍ക്കാര്‍ കണക്കാക്കുന്ന 4.4 ശതമാനം ധനക്കമ്മി മറികടക്കാന്‍ റിസര്‍വ് ബാങ്ക് നല്‍കുന്ന വമ്പന്‍ തുക സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *