May 3, 2025
Home » 1000 കോടിരൂപയുടെ വിറ്റുവരവ് കൈവരിച്ച് കെ എം എം എൽ Jobbery Business News

പൊതുമേഖലാ സ്ഥാപനമായ കെ എം എം എൽ ഈ വർഷം 1000 കോടി വിറ്റുവരവ് കൈവരിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. വിറ്റുവരവില്‍ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നേട്ടമാണ് ഇത്തവണ സ്വന്തമാക്കിയത്. ഒപ്പം ടൈറ്റാനിയം ടെട്രാക്ലോറൈഡ് (ടിക്കിള്‍) വിപണനത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് എന്ന നേട്ടവും കെ എം എം എല്‍ കൈവരിച്ചു. 8,815 ടണ്‍ ടിക്കിള്‍ വിപണനം നടത്താൻ കമ്പനിക്ക് സാധിച്ചു.

ടൈറ്റാനിയം ഡയോക്‌സൈഡ് വിപണനത്തിലും കഴിഞ്ഞ 8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ് 2024-25 സാമ്പത്തികവർഷത്തിൽ കെ എം എം എൽ നേടിയത്. 36,395 ടണ്‍ ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മന്റ് വിപണനം കമ്പനി നടത്തുകയുണ്ടായി.

2021-22 സാമ്പത്തിക വര്‍ഷത്തെ 1058 കോടി രൂപയാണ് കെ എം എം എല്ലിന്റെ  ഏറ്റവും ഉയര്‍ന്ന വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷം 956.24 കോടി രൂപയായിരുന്നു വിറ്റുവരവ്. ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,036 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടി. ഒപ്പം നൂറിലധികം കോടി രൂപയുടെ പ്രവര്‍ത്തനലാഭവും നേടിയിട്ടുണ്ട്.

എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എം എം എല്‍. 2023-24 സാമ്പത്തിക വർഷത്തിൽ കമ്പനി 6.18  കോടി രൂപ സംസ്ഥാനത്തിന് ലാഭവിഹിതമായി കൈമാറിയിരുന്നതായി മന്ത്രി പറഞ്ഞു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *