Now loading...
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ താഴെത്തട്ടിൽ ഉള്ള ക്ലാസുകളിലും മിനിമം മാർക്ക് നോക്കി പഠന പിന്തുണ പരിപാടികൾ ആവിഷ്കരിക്കുമെന്ന് സൂചന നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. അടുത്ത വർഷം മുതൽ സമഗ്രമായിട്ടുള്ള പഠന പിന്തുണ പരിപാടികൾ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വർഷം മുതൽ എട്ടാം ക്ലാസിൽ ആരംഭിച്ച മിനിമം മാർക്ക് സമ്പ്രദായത്തെ തുടർന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികൾ നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഈ പരിപാടിയെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുസമൂഹവും കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം തന്നെ വലിയ സന്തോഷത്തോടുകൂടിയാണ് ഏറ്റെടുത്തിട്ടുള്ളത്. പൊതുസമൂഹം ഈ പരിപാടിക്ക് വലിയ പിന്തുണ നൽകുന്ന കാഴ്ചയാണ് കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന പഠന പിന്തുണ ക്ലാസുകൾക്ക് വിദ്യാഭ്യാസ ഓഫീസർമാരും സമഗ്ര ശിക്ഷ കേരളവും വലിയ
പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിലുള്ള ഓരോ കുട്ടികളും അവരുടെ അടിസ്ഥാനശേഷികൾ നേടുന്നുണ്ട് എന്ന് ഉറപ്പാക്കുന്ന തരത്തിൽ അതുവഴി നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടുള്ള സമഗ്രമായ പരിഷ്‌കരണ പ്രവർത്തനങ്ങളാണ്
അടുത്ത അധ്യയനവർഷത്തിലും നടപ്പിലാക്കുന്നതിന് വേണ്ടി ആലോചിക്കുന്നത്. പഠന പിന്തുണയുടെ ഭാഗമായിട്ട് ഈ വിദ്യാർത്ഥികൾക്കുള്ള പുനപരീക്ഷകൾ അടുത്ത ആഴ്ച മുതൽ തന്നെ ആരംഭിക്കുന്നതാണ്.
ഈ പ്രവർത്തനത്തിന്റെ വിജയം സൂചിപ്പിക്കുന്നത് നമ്മുടെ താഴെത്തട്ടിൽ ഉള്ള ക്ലാസുകളിൽ നിന്ന് തന്നെ ഇത്തരത്തിലുള്ള പഠന പിന്തുണ പരിപാടികൾ ഓരോ പരീക്ഷ കഴിയുമ്പോഴും നടപ്പിലാക്കണമെന്നുള്ളതാണ്.
അതുകൊണ്ട് ഇത്തരം കാര്യങ്ങൾ കൂടി ആലോചിച്ചു സമഗ്രമായ പിന്തുണ ക്ലാസുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
Now loading...