Now loading...
യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യക്കാരെയാണെന്ന് റിപ്പോര്‍ട്ട്. അമ്പത് ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിസയാണ് റദ്ദാക്കിയത്.
അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
മാര്‍ച്ച് അവസാനം മുതല്‍ 160 കോളേജുകള്‍, സര്‍വകലാശാലകള്‍, സര്‍വകലാശാല സംവിധാനങ്ങള്‍ എന്നിവിടങ്ങളിലെ കുറഞ്ഞത് 1,024 വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കുകയോ നിയമപരമായ പദവി അവസാനിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
വിസ റദ്ദാക്കിയ 327 വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം ഇന്ത്യക്കാരായിരുന്നു. ബാക്കിയുള്ളവരില്‍ 14 ശതമാനം ചൈനയില്‍ നിന്നുള്ളവരായിരുന്നു. ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വിസയും റദ്ദാക്കിയിരുന്നു. വിസ റദ്ദാക്കിയതിന് പിന്നില്‍ പാര്‍ക്കിങ് പിഴകളും അമിത വേഗതയും മറ്റുമാണ് ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാര്‍വാര്‍ഡ്,സ്റ്റാന്‍ഫോര്‍ഡ്,മിഷിഗണ്‍ സര്‍വകലാശാല,ഒഹായോ സ്റ്റേറ്റ് സര്‍വകലാശാല എന്നിവയുള്‍പ്പെടെ 160 ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
2023-24 അധ്യയന വര്‍ഷത്തില്‍ 3,30,000-ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ധന. ഈ കണക്ക് ഇന്ത്യയെ യുഎസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള രാജ്യമാക്കി മാറ്റി. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, രണ്ടാം ട്രംപ് ഭരണകൂടത്തിന്റെ ആദ്യ മാസമായ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വിസകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു.
Jobbery.in
Now loading...