ഇന്ത്യ-ഇയു വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമായേക്കും Jobbery Business News

ഇന്ത്യയും യൂറോപ്യന്‍ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഈ വര്‍ഷം സാധ്യമാകുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഇരു വിഭാഗവും തമ്മിലുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണ്.

കാര്‍ബണ്‍ നികുതി, വന നശീകരണ നിയമങ്ങള്‍ തുടങ്ങിയ ചില നിയന്ത്രണങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ഇന്ത്യ ചര്‍ച്ചകളില്‍ ഉന്നയിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി.

‘യൂറോപ്യന്‍ യൂണിയന്റെ രീതികളെയും നിയന്ത്രണങ്ങളെയും കുറിച്ച് ഞങ്ങള്‍ക്ക് ചില ആശങ്കകളുണ്ട്. അതുപോലെ തന്നെ അവര്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ചില മേഖലകളുമുണ്ട്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലുണ്ട്, ന്യായവും സന്തുലിതവും നീതിയുക്തവുമായ ഒരു സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്യും,’ ഗോയല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇരു കക്ഷികള്‍ക്കും വിപണി പ്രവേശനത്തെ പിന്തുണയ്ക്കുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു മികച്ച കരാറില്‍ എത്താന്‍ കഴിയുന്ന തരത്തില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയ്ക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാരീസില്‍ എത്തിയതായിരുന്നു വാണിജ്യമന്ത്രി.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി ഫ്രഞ്ച് നേതാക്കളുമായും ബിസിനസ് പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.

കരാറിനെക്കുറിച്ച് ജൂണ്‍ 2 ന് യൂറോപ്യന്‍ യൂണിയന്‍ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണര്‍ മാര്‍ക്കോസ് സെഫ്കോവിച്ചുമായി ഗോയല്‍ ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

ഓട്ടോമൊബൈലുകളിലും മെഡിക്കല്‍ ഉപകരണങ്ങളിലും ഗണ്യമായ തീരുവ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം, വൈന്‍, സ്പിരിറ്റ്, മാംസം, കോഴി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നും ശക്തമായ ബൗദ്ധിക സ്വത്തവകാശ വ്യവസ്ഥ നടപ്പിലാക്കണമെന്നും ഇയു ആവശ്യപ്പെടുന്നു.

കരാര്‍ സാധ്യമായാല്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ മെഷിനറികള്‍ തുടങ്ങിയ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്ന കയറ്റുമതി കൂടുതല്‍ മത്സരാധിഷ്ഠിതമാകും. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *