അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും മുട്ടയും ഇനി 3 ദിവസങ്ങളിൽ നൽകും. വളർച്ചയ്ക്കു സഹായകമായ ഊർജവും പ്രോട്ടീനും ലഭിക്കുന്ന രീതിയിലാണ് മെനു തയാറാക്കിയിരിക്കുന്നത്.  അങ്കണവാടിയിൽ ഉപ്പുമാവ് മാത്രം പോരാ, “ബിർണാണിയും” പൊരിച്ച കോഴിയും വേണമെന്നു കൊല്ലം ജില്ലയിലെ ദേവികുളങ്ങര പഞ്ചായത്ത് ഒന്നാം നമ്പർ അങ്കണവാടിയിലെ വിദ്യാർഥിയായ കുട്ടിശങ്കു എന്ന ത്രിജൽ എസ്. സുന്ദർ ആവശ്യപ്പെടുന്ന വിഡിയോ പ്രചരിച്ചപ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയിൽ മെനു പരിഷ്കരണത്തിനായി മന്ത്രി വീണാ ജോർജ് ഇടപെട്ടത്. 

സംസ്ഥാനത്തെ 33,120 അങ്കണവാടികളിലേക്കുള്ള മെനുവാണ് പരിഷ്ക്കരിച്ചത്. അങ്കണവാടികളിലേക്കുള്ള പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട മെഴുവേലി ഗ്രാമ പഞ്ചായത്തിലാണ്  നടന്നത്. ശങ്കുവിന്റെ അഭ്യര്‍ത്ഥനയോട് പ്രതികരിച്ച് അന്ന് പറഞ്ഞത് പ്രകാരം അങ്കണവാടികളിലെ ഭക്ഷണമെനു പരിഷ്‌ക്കരിക്കുകയായിരുന്നു. മുട്ട ബിരിയാണി, പുലാവ് ഒക്കെ ഉള്‍പ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ഏകീകൃത മാതൃകാ ഭക്ഷണ മെനു തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്. കുട്ടികൾക്കുള്ള കുഞ്ഞൂസ് കാര്‍ഡ് ചടങ്ങിൽ വിതരണം ചെയ്തു. ഒന്നാം ക്ലാസിലേക്ക് പോയ കുട്ടികള്‍ക്ക് കോണ്‍വക്കേഷന്‍ സെറിമണി നടത്തി ബാഗ് ഉള്‍പ്പെടെ നല്‍കി. വെല്‍ക്കം കിറ്റുകള്‍ നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *