പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 406 ഒഴിവുകൾ ഉണ്ട്. പരിശീലനകാലത്ത് പ്രതിമാസം 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷ ഫീസ് 100 രൂപ. ജൂൺ 17 വരെ അപേക്ഷ അയക്കാം. നാഷനൽ ഡിഫൻസ് അക്കാദമി -ആർമി 208 (വനിതകൾക്ക് 10) ഒഴിവുകൾ ഉണ്ട്. നേവി 42 (വനിതകൾക്ക് 5) ഒഴിവുകൾ, എയർഫോഴ്സ്-ഫ്ലൈയിങ് 92 (വനിത 2) ഒഴിവുകൾ, ഗ്രൗണ്ട് ഡ്യൂട്ടീസ് (ടെക്നിക്കൽ) 18 (വനിത 2) ഒഴിവുകൾ, ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്നിക്കൽ) 10 (വനിത 2) ഒഴിവുകൾ, നേവൽ അക്കാദമി (10 + 2 കാഡറ്റ് എൻട്രി സ്കീം) 36 (വനിത 4) ഒഴിവുകൾ.

അപേക്ഷകർ 2007 ജനുവരി ഒന്നിന് മുമ്പോ 2010 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. ‘എൻഡിഎ’യുടെ ആർമി വിങ്ങിലേക്ക് പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായാൽ മതി. ഏത് സ്ട്രീമിലുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, എൻഡിഎയുടെ എയർഫോഴ്സ്, നേവൽ വിങ്ങിലേക്കും നേവൽ അക്കാദമിയിലേക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്ലസ് ടു/തത്തുല്യ പരീക്ഷയെഴുതുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഫിസിക്കൽ ഫിറ്റ്നസടക്കം വിജ്ഞാപനത്തിൽ നിഷ്‍കർഷിച്ച ശാരീരികയോഗ്യതയുണ്ടാകണം.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ നൽകാനും https://upsconline.nic.in സന്ദർശിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *