![ഹ്യുണ്ടായിക്ക് പിന്നാലെ എൽജിയും? ഇന്ത്യയിൽ ഐപിഒക്ക് ഒരുങ്ങി കൊറിയൻ കമ്പനി](https://www.jobbery.in/wp-content/uploads/2024/11/LG-IPO-INDIA-3q7Jic.jpeg)
ഇന്ത്യയുടെ വിപണി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒകളിലൊന്നായിരുന്നു ദക്ഷിണ കൊറിയൻ കമ്പനിയായിരുന്ന ഹ്യുണ്ടായിയുടേത്. ഹ്യുണ്ടായിക്ക് പിന്നാലെ ഇന്ത്യൻ വിപണിയിൽ ചലനമുണ്ടാക്കാൻ മറ്റൊരു കൊറിയൻ കമ്പനി കൂടി എത്തുന്നതായി സൂചന. കൊറിയൻ ഇലക്ട്രോണിക്സ് ബ്രാൻഡായ എൽജിയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ സാന്നിധ്യമറിയിക്കാനൊരുങ്ങുന്നത്. ഇതിനായുള്ള പ്രാരംഭ ഓഹരി വിൽപനയുടെ (ഐപിഒ) അണിയറ പ്രവർത്തനങ്ങൾക്കായി ആക്സിസ് ക്യാപിറ്റലിനെ എൽജി ബാങ്കിങ് പങ്കാളിയായി നിയമിച്ചു എന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലെ എക്കാലത്തെയും റെക്കോർഡ് ഐപിഒ വഴി ഹ്യുണ്ടായി സമാഹരിച്ചത് 27870 കോടി രൂപയായിരുന്നു. 8,400-12,650 കോടി രൂപയുടെ സമാഹരണമാകും എൽജി ഇന്ത്യയിൽ ഐപിഒ വഴി ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം, ഐപിഒയെക്കുറിച്ച് എൽജി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഐപിഒ നടപടികൾക്കായി ബാങ്ക് ഓഫ് അമേരിക്ക കോർപ്പറേഷൻ, സിറ്റി ഗ്രൂപ്പ്, ജെപി മോർഗൻ ചെയ്സ്, മോർഗൻ സ്റ്റാൻലി എന്നിവരെ എൽജി നേരത്തേ ചുമതലപ്പെടുത്തിയിരുന്നതായി ബ്ലൂംബർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഐപിഒയ്ക്കുള്ള അപേക്ഷ എൽജി വൈകാതെ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചേക്കും.
ആഗോള നിക്ഷേപകർ രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിനാൽ, ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റ് വഴിയുള്ള ധനസമാഹരണത്തിനുള്ള ‘ഹോട്ട്‌സ്‌പോട്ടാ’യി ഇന്ത്യ മാറിയിട്ടുണ്ട്. ഈ വർഷം മാത്രം ഐപിഒകളിലൂടെയും സെക്കന്‍ററി ഓഫറിങ്ങിലൂടെയും രാജ്യത്ത് ഏകദേശം 49 ബില്യൺ ഡോളറാണ് സമാഹരിച്ചത്. ഏഷ്യയിൽ മൊത്തം സമാഹരിച്ച തുകയുടെ മൂന്നിലൊന്നാണിത്. സ്വിഗ്ഗി ലിമിറ്റഡ്, എച്ച്‌ഡിബി ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, കാരാരോ എസ്‌പിഎ എന്നിവ ഇന്ത്യയിൽ ലിസ്റ്റിംഗിനായി തയാറെടുക്കുന്ന മറ്റ് കമ്പനികളാണ്.