Now loading...

തിരുവനന്തപുരം: കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ എംഎസ്‌സി എൽസ 3 എന്ന ചരക്കു കപ്പൽ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് കടലിൽ വീണ കണ്ടെയ്നറുകള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം തീരത്തെത്താൻ സാധ്യത. ആലപ്പുഴ തീരത്തായിരിക്കും കണ്ടെയ്നറുകള്‍ എത്താൻ കൂടുതൽ സാധ്യതയെന്നാണ് ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. ഇത് പ്രകാരം തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് കൊച്ചി തീരത്തിനു സമീപം കപ്പൽ മറിഞ്ഞത്. ഇത് ഇന്ന് രാവിലെയോടെ പൂർണമായും മുങ്ങുകയായിരുന്നു. ഇതിലുണ്ടായ കണ്ടെയ്നറുകളും കടലിൽ പതിച്ചു. ഇതാണ് ഇന്ന് ഉച്ചയ്ക്കു ശേഷം തീരത്ത് എത്താനുള്ള സാധ്യതയാണുള്ളത്. കണ്ടെയ്നറുകള്‍ കണ്ടാൽ അടുത്തേക്ക് പോകരുത്. തൊടാനും പാടില്ല. തീരദേശത്ത് എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണം. അപൂർവ വസ്തു തീരദേശത്ത് കണ്ടാലും അറിയിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read:ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത; മറൈൻ ഓയിൽ തൊടരുതെന്ന് പറയാൻ കാരണമുണ്ട്
കപ്പൽ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ പരിധിയിൽ മത്സ്യബന്ധനം നടത്തരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. എന്തെങ്കിലും വസ്തു കണ്ടാൽ 200 മീറ്റർ അകലെ മാറിനിൽക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോൺസ് ടീം തയ്യാറാണ്. കണ്ടെയ്നറുകള്‍ കാണുന്ന സ്ഥലത്ത് ആളുകള്‍ കൂട്ടംകൂടി നിൽക്കരുത്.
മാധ്യമങ്ങളടക്കം ജാഗ്രത പാലിക്കണമെന്ന് ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. വസ്തുക്കൾ അധികൃതർ മാറ്റുമ്പോൾ തടസം സൃഷ്ടിക്കരുതെന്നും ദൂരെ മാറി നിൽക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം എണ്ണപ്പാടയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
Now loading...