പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും നിർമിത ബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സിഇഒ കെ.അൻവര്‍ സാദത്ത്. ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റില്‍ കൈറ്റ്സ് നോഡല്‍ ഓഫീസര്‍മാര്‍ക്കള്ള ജില്ലാതല ശില്പശാലയില്‍ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്സ് ഐ.ടി ക്ലബ്ബുകള്‍ വഴി ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് കൈത്താങ്ങ് ഒരുക്കുന്നതിന് മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 158 യൂണിറ്റുകളിൽ നിന്നും 316മാസ്റ്റര്‍/മിസ്ട്രസ്മാര്‍ പങ്കെടുത്തു. ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളുടെ ഈ വർഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന തരത്തിലുള്ള വിവിധ അവതരണങ്ങളും സെഷനുകളും ഉള്‍പ്പെട്ടതായിരുന്നു ശില്പശാല. ജില്ലാതലത്തിലെയും സംസ്ഥാനതലത്തിലെയും മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവർത്തന മാതൃകകള്‍, ആശയ പ്രചരണ രംഗത്ത് സ്കൂള്‍ വിക്കിയുടെ പ്രസക്തി, വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്സിന്റെ സ്ഥാനം തുടങ്ങി വിവിധ അവതരണങ്ങളും ചര്‍ച്ചകളും നടന്നു.

വിദ്യാലയങ്ങളിലെ റോബോട്ടിക്സ് പഠനത്തിന് ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ ചെയ്യേണ്ട പിന്തുണാപ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിർദ്ദേശങ്ങള്‍ക്ക് സമാപന സെഷനില്‍ കൈറ്റ് സി.ഇ.ഒ വിശദീകരണം നല്‍കി. കൈറ്റ് ജില്ലാ കോർഡിനേറ്റ‌ർ എം സുനിൽകുമാര്‍, മാസ്റ്റർ ട്രെയിനർ ടി സജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *