Now loading...
തിരുവനന്തപുരം: നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസിലെ പുതിയ പാഠപുസ്തകങ്ങൾ ചോർന്നു. പ്രകാശന ചടങ്ങുകൾക്ക് മുന്നേ ചോർന്ന പാഠപുസ്തകങ്ങളുടെ കോപ്പി ബ്ലോഗിൽ പ്രചരിക്കുന്നു. ബയോളജിയുടെയും കെമിസ്ട്രിയുടെയും ആദ്യ വാല്യങ്ങളാണ് പുറത്തായത്. ഇക്കൊല്ലം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ പകർപ്പുകളാണ് ഔദ്യോഗിക പ്രകാശന ചടങ്ങിന് മുൻപേ തന്നെ പുറത്തായത്.
ഈ ബ്ലോഗിന് പിന്നിൽ പ്രവർത്തിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ശമ്പളം വാങ്ങുന്ന അധ്യാപകരാണെന്ന് പറയുന്നു. അധ്യാപകർ, വിദ്യാർഥികൾ, ചില ട്യൂഷൻ സെന്ററുകളിലെ അധ്യാപകർ എന്നിവർക്കിടയിൽ ചോർന്ന പുസ്തകങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബയോളജിയുടെ ഇംഗ്ലീഷ്, മലയാളം മീഡിയം വിഭാഗങ്ങളിലെ പുസ്തകങ്ങൾ, കെമിസ്ട്രിയുടെ മലയാളം മീഡിയത്തിലെ പുസ്തകം എന്നിവ ചോർന്നവയിലുണ്ട്. ബയോളജി പാഠങ്ങളുടെ പിഡിഎഫ് അതേപോലെയാണ് ബ്ലോഗിൽ വന്നിട്ടുള്ളത്. എന്നാൽ, അച്ചടിച്ച പുസ്തകത്തിൽനിന്ന് സ്കാൻ ചെയ്തെടുത്തതാണ് കെമിസ്ട്രിയുടെ പാഠഭാഗങ്ങൾ. ബയോളജി വ്യാഴാഴ്ചയും കെമിസ്ടി ശനിയാഴ്ചയുമാണ് അപ്‌ലോഡ് ചെയ്തത്.
പത്താംക്ലാസിലെ മറ്റു വിഷയങ്ങളുടെ പുസ്തകങ്ങളുടെ ഓൺലൈൻ പകർപ്പുകളും കിട്ടുമെന്ന അറിയിപ്പും നൽകിയിട്ടുണ്ട്. ആ പുസ്തകങ്ങളിലെ ഓരോ അധ്യായത്തിലും എന്തൊക്കെയാണ് പഠിക്കാനുള്ളതെന്നതിന്റെ പട്ടിക മുഖപേജിൽ തന്നെ കൊടുത്തിട്ടുണ്ട്. ഓരോ പേജിന്റെയും ചുവടെ ബ്ലോഗിന്റെ വിലാസവും വാട്‌സാപ്പ് നമ്പറും നൽകിയിട്ടുമുണ്ട്.
Now loading...