തൃപ്രയാർ : ഹരിതകർമ സേനാംഗങ്ങൾക്ക് സേവന തിളക്കത്തോടൊപ്പം പത്തര മാറ്റിൻ്റെ തിളക്കവും. വലപ്പാട് പഞ്ചായത്തിലെ 18-ാം വാർഡിൽ ഹരിതകർമ സേനാംഗങ്ങൾക്ക് കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കമുള്ള കൈചെയിൻ ഉടമക്ക് തിരിച്ചു നൽകിയാണ് സേനാംഗങ്ങളായ സബിത, സുബിത, ജീജ എ ന്നിവർ പൊന്നിനേക്കാൾ തിളങ്ങിയത്.
18-ാം വാർഡിലെ കലക്ഷനു പോകാൻ എത്തിയപ്പോഴാണ് വഴിയിൽ കൈചെയിൻ കിടക്കുന്നത് കണ്ടത്. സ്വർണം നഷ്ടപ്പെട്ടവർ ഈ സമയം അന്വേഷണത്തിൽ ആയിരുന്നു. നഷ്ടപ്പെട്ട കൈചെയിൻ ഇവരുടെ തന്നെയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് രതീന്ദ്രദാസിന്റെ ഭാര്യ വത്സല ടീച്ചർക്ക് കൈചെയിൻ കൈമാറി. കഴിഞ്ഞ മാസം നാട്ടികയിൽ പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം ലഭിച്ച സ്വർണ കോയിൻ തിരിച്ചു നൽകി ഹരിത കർമ്മ സേന പ്രവർത്തകർ മാതൃകയായിരുന്നു.