March 20, 2025
Home » ഉൽപാദനത്തിൽ ഇടിവ്​; കുരുമുളക്​ വില ഉയരുന്നു Jobbery Business News

നാളികേരോൽപ്പന്നങ്ങൾ ശക്തമായ നിലയിൽ. വിളവെടുപ്പ്‌ വേളയിലും പച്ചതേങ്ങ ലഭ്യത ചുരുങ്ങിയത്‌ ഡിമാൻറ്‌ ഉയർത്തി. ഇതിനിടയിൽ ഇന്തോനേഷ്യയും മലേഷ്യയും നൊയന്പ്‌ കാലത്തിൻറ ഭാഗമായി രാജ്യാന്തര ഭക്ഷ്യയെണ്ണ വിപണിയിൽ നിന്നും അകന്നത്‌ പാചകയെണ്ണ വിലകൾ ഉയർന്ന തലത്തിൽ നീങ്ങാൻ അവസരം ഒരുക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ സ്‌റ്റോക്കിസ്‌റ്റുകൾ. കേരളത്തിലും തമിഴ്‌നാട്ടിലും പച്ചതേങ്ങ, കൊപ്ര വരവ്‌ കുറഞ്ഞ അളവിലാണ്‌. മാസാരംഭമായതിനാൽ വെളിച്ചെണ്ണ വിൽപ്പന ചൂടുപിടിച്ചതും വിപണിക്ക്‌ താങ്ങായി.

കേരളത്തിൻെറ ഒട്ടുമിക്ക ഭാഗങ്ങളിലും ആദ്യഘട്ട കുരുമുളക്‌ വിളവെടുപ്പ്‌ പൂർത്തിയായെങ്കിലും ഉൽപാദന മേഖല ചരക്ക്‌ നീക്കത്തിൽ വരുത്തിയ നിയന്ത്രണം ചരക്ക്‌ ക്ഷാമത്തെ വ്യക്തമാക്കുന്നു. പിന്നിട്ടവാരം കൊച്ചി ടെർമിനൽ മാർക്കറ്റിലേയ്‌ക്കുള്ള കുരുമുളക്‌ വരവ്‌ 155 ടണ്ണിൽ ഒതുങ്ങി, തൊട്ട്‌ മുൻവാരത്തെ അപേക്ഷിച്ച്‌ വരവിൽ 121 ടണ്ണിൻറ കുറവാണുണ്ടായത്‌. ആദ്യ വിളവെടുപ്പ്‌ പൂർത്തിയാക്കിയ കർഷകരുടെ വിലയിരുത്തലിൽ പ്രകാരം 2024 നെ അപേക്ഷിച്ച്‌ വിളവ്‌ ഏതാണ്ട്‌ 40 മുതൽ 50 ശതമാനം വരെ കുറഞ്ഞതായാണ്‌. ഇടുക്കിയിലും വയനാട്ടിലും മറ്റ്‌ ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലം വിളവ്‌ ചുരുങ്ങിയതായാണ്‌ വിലയിരുത്തൽ. ഇന്ന്‌ അൺ ഗാർബിൾഡ്‌ മുളക്‌ വില ക്വിൻറ്റലിന്‌ 200 രൂപ വർദ്ധിച്ച്‌ 65,900 രൂപയായി.

സംസ്ഥാനത്തിൻെറ പല ഭാഗങ്ങളിലും മഴ ലഭ്യമായത്‌ ഉൽപാദന മേഖലകൾക്ക്‌ ആശ്വാസം പകർന്നെങ്കിലും തുടർ മഴയ്‌ക്ക്‌ അവസരം ലഭിച്ചാൽ മാത്രമേ വെട്ട്‌ പുനരാരംഭിക്കാനാവു. മദ്ധ്യകേരളത്തെ അപേക്ഷിച്ച്‌ തെക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭ്യമായെങ്കിലും കൂടുതൽ മഴ ലഭിച്ചാൽ മാത്രമേ നിർത്തിവെച്ച ടാപ്പിങ്‌ പുനരാരംഭിക്കാനാവു. കൊച്ചി, കോട്ടയം വിപണികളിൽ നാലാം ഗ്രേഡ്‌ റബർ കിലോ 192 രൂപയായി കയറി. രാജ്യാന്തര വിപണിയിൽ റബർ അൽപ്പം തളർച്ചയിലാണ്‌. വ്യവസായ മേഖലകളിൽ നിന്നുളള വാങ്ങൽ താൽപര്യം ചുരുങ്ങിയത്‌ റെഡി‐ അവധി വ്യാപാര രംഗത്ത്‌ മ്ലാനത പരത്തി.

ഏലക്ക ലേലത്തിൽ വരവ്‌ ചുരുങ്ങിയെങ്കിലും വിൽപ്പനക്കാരുടെ പ്രതീക്ഷയ്‌ക്ക്‌ ഒത്ത്‌ ഉൽപ്പന്ന വില ഉയർന്നില്ല. ആകെ 11,115 കിലോ ഏലക്ക ആദ്യലേലത്തിന്‌ എത്തിയതിൽ 7961 കിലോ മാത്രമേ വിറ്റഴിഞ്ഞുള്ളു. ശരാശരി ഇനങ്ങൾ കിലോ 2752 രൂപയിലും മികച്ചയിനങ്ങൾ 3092 രൂപയിലും കൈമാറി. ഉത്തരേന്ത്യൻ ഇടപാടുകാരും കയറ്റുമതിക്കാരും രംഗത്തുണ്ടായിരുന്നെങ്കിലും ലേലത്തിൽ വീറും വാശിയും കുറവായിരുന്നു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *