Now loading...
തിരുവനന്തപുരം:എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന സമ്മേളനം അലങ്കോലമാക്കിയ സംഭവത്തിൽ മലപ്പുറം ജില്ലയിലെ നാവാമുകുന്ദ സ്‌കൂളിനും എറണാകുളം ജില്ലയിലെ കോതമംഗലം മാർബേസിൽ സ്‌കൂളിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉത്തരവ് പിൻവലിച്ചു. 2024 നവംബർ 8 മുതൽ 11 വരെ ഒളിമ്പിക്‌സ് മാതൃകയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് 2 സ്കൂളുകളും കത്ത് നൽകിയിട്ടുണ്ട്. അത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെടുകയും ദേശീയ മത്സരങ്ങളിൽ അടക്കം പങ്കെടുക്കേണ്ട കായിക വിദ്യാർത്ഥികൾക്ക് ദോഷകരമായി ബാധിക്കുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി, ബഹുമാനപ്പെട്ട അംഗങ്ങളായ ശ്രീ. ആന്റണി ജോൺ, ശ്രീ. കുറുക്കോളി മൊയ്തീൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. എന്നിവരും കെ.എസ്.റ്റി.എ., പി.ജി.റ്റി.എ., ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, കെ.എസ്.യു. എന്നീ സംഘടനകളും കുട്ടികളുടെ ഭാവിയെ ബാധിക്കാത്ത നിലയിൽ ഉള്ള നടപടികൾ സ്വീകരിക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു എന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 2025-26ൽ നടക്കുന്ന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ വിലക്ക് കൽപ്പിച്ചുകൊണ്ട് 2025 ജനുവരി 2 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവ് പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങുന്നതാണ്.
Now loading...